Saturday, February 23, 2013

നിമിഷം


    
                             നിമിഷം



എന്റെ സ്വന്തമല്ലാത്ത നിമിഷങ്ങളിലൂടെ,

ഏറെനേരം ഞാൻ സഞ്ചരിച്ചു.


തനിച്ചായിരുന്നതുകൊണ്ടാവാം,


അവളും കൂടെ ഉണ്ടായിരുന്നു,


എങ്ങോപോകേണ്ട ഇരുവരും ഒന്നും പറഞ്ഞില്ല,


പാതിവഴിയേ പിരിയുവാനും കഴിഞ്ഞില്ല.


ഒറ്റപ്പെടൽ ഭയാനകമായേക്കാമെന്ന് എനിക്ക് അറിയാം
സൌഹൃദം സമർപ്പണമായേക്കാം എന്ന് അവൾക്കും.


ഏറെനേരം പിന്നിലും ചിലനേരങ്ങളിൽ ഒരുമിച്ചും


ചിന്തകളുടെ സമാന്തരമായി ഞങ്ങൾ നടന്നു.


മുടിയിഴകൾ പാറിയ മുഖവും,വിടർന്നകണ്ണുകളും,


എന്റെ നഖങ്ങൾകൊണ്ട് പോറലേൽക്കുന്നതായി അവൾ അറിഞ്ഞു.


ഭയപ്പാടിന്റെ വറുതിയിൽ അനുവാദംകേൾക്കാതെ,


തോൾചേർന്ന് ഇരുട്ടിലൂടേ സഞ്ചരിച്ചു.


കൈകൾകൊരുത്തുറ്റുനോക്കി അവളെന്നെ വിളിച്ചു,


ചുവന്നകണ്ണുകളിലെ ചലനങ്ങൾ അവളെ പ്രകോപിപ്പിച്ചു



നിർലജ്ജമായികൊടുംതണുപ്പിൽ-


സൌഹൃദങ്ങൾ കോരിത്തരിച്ചു

ചെറുകാറ്റിൽ ഇലകൾ പൊഴിയുന്നു,


ശരീരത്തിലൂടെ കാത്തിരിപ്പ് പിടയ്ക്കുന്നു.



നിശ്ശബ്ദതയുടെ നിലാവെളിച്ചമേറ്റ്,


സർപ്പക്കാവുകളിൽ വിളക്കുകൾ പൊലിഞ്ഞു.


മിന്നൽ‌വെളിച്ചത്തിലൂടെ വൈകല്ല്യത്തിന്റെ-


സർപ്പരൂപമുള്ളനിഴലുകൾ ആടി.


നിത്യഹരിതമായ അനുഭൂതിയുടെ താഴ്വാരത്തിലൂടെ,


ഒരുമിഷംവന്നുസ്പർശിച്ചുപോയി.


കോരിത്തരിപ്പിന്റെ മൂർദ്ധന്യത്തിൽ ശൂന്യതയിലേക്ക്-


സ്വകാര്യതയുടെ സങ്കോചങ്ങൾ ചേക്കേറിയിരുന്നു.



രാത്രിമഴകനക്കുംമുന്നേ ആശങ്കയുടെ കൊടുങ്കാറ്റുവീശി,


ഒരുനിമിഷത്തിനെ ഓർമ്മകളിലൂടെ-


അവളെന്നെത്തിരഞ്ഞ് കൈകൾനീട്ടി,


ചിറകടിഒച്ചകേട്ട് യാത്രതീരുംവരെ ഞാനും.


പകരമില്ലാത്ത പരിചയങ്ങൾക്ക്



പറയാനുള്ളത് ഒരു നിമിഷം മാത്രം.



Monday, February 18, 2013

മുഹൂർത്തം


മുഹൂർത്തം





തരളിതമാം തടാകജലോപരിതലത്തിലിരിക്കു-

മിണക്കുരുവികൾ നാമുൾക്കുളിരാലെ,

ആയനുരാഗതടങ്ങളിരുന്നൊന്നുസല്ലപിച്ചീടുവാൻ

വെമ്പുന്നഹൃദയങ്ങൾ നമ്മളൊന്നിച്ചിരുന്നെങ്കിൽ.

വിറയാർന്നകയ്യുകൾ ,ചുണ്ടുകൾ,

ബാഷ്പകണങ്ങൾ സ്ഫുരിക്കും കപോലങ്ങൾ,

കണ്ണിണകളിൽകൂടിയൊഴുകുന്നു,

ഭയചകിതമാം മനസ്സിന്റെ-

നീരാവിയാറിത്തണുത്തനീർത്തുള്ളികൾ.

കണ്ണുകൾപിടക്കുന്നു, കാതുകൾ കേൾക്കാതെയായ്,

ചലനം അവയവങ്ങൾക്കസാദ്ധ്യമായി,

ആ ധന്യമുഹൂർത്തത്തിൽ,

എൻ മനം പിടഞ്ഞുനീറുന്നൊരാ-

ധന്യമുഹൂർത്തത്തിൽ!

Wednesday, February 13, 2013

---വാലന്റൈൻസ് ദിനം‌-സീത പറയാതിരുന്നത്-----



വാലന്റൈൻസ് ദിനം‌-സീത പറയാതിരുന്നത്

ദേവന്മാരുടെ ശരീരത്തിൽ-
ഒരു പകുതി സ്ത്രീ ആയിരുന്നു.
ധ്യാനിച്ച് തളരുമ്പോൾ തപോവനംവിട്ട്-
ദേവകൾ  സഖിമാരുമൊത്ത്  സല്ലപിക്കാറുണ്ട് .
എന്നാൽ പുരാണത്തിൽ പറഞ്ഞ പലരും
ബ്രഹ്മചാരികൾ ആയിരുന്നില്ല .

രാമൻ സീതയെ പ്രണയിച്ചത്
പബ്ബുകൾ ഇല്ലാതിരുന്ന കാലത്താണ്.
വള്ളിക്കുടിലിലും, കാനനച്ചോ‍ലയിലും വച്ച്
ദിവ്യ പ്രണയം പകുത്തിട്ടുണ്ട്.
ബീച്ചും പാർലറും ഒന്നും-
പുതുതായി ഉണ്ടായിരുന്നില്ല .
പുരാണങ്ങളിൽ പറയാത്തതൊന്നും
സ്ത്രീയും പുരുഷനും ചെയ്തിട്ടുമില്ല.

ഒരു സ്ത്രീയേ സഭാമദ്ധ്യത്തിൽ വച്ച് വിവസ്ത്രരാക്കിയവരെ
കമിതാക്കളുടെ സുദിനത്തിൽ യുവതികൾ,
ഒരിക്കൽ  അടിവസ്ത്രം ഊരി എറിഞ്ഞ് പ്രതിഷേധിച്ചു.
ലവേഴ്സിനെ പിടികൂടാൻ സേനയിൽ ചേർന്നവർ,
രാവിലെ അഞ്ചുമുതൽ ബീവറേജസിൽ ക്യൂവിലാണ്.
പുരുഷന്മാർ പൈന്റടിച്ച് മദിരാക്ഷിയേ തേടുന്നതിൽ
സീതസേന ഒന്നും പറഞ്ഞിട്ടില്ല.

ആർത്തിയാൽ കുരുന്നിനെ ഞരുക്കുമ്പോഴും,
സ്ത്രീധനം ചോദിച്ച് കൊളുത്തി കൊല്ലുമ്പോഴും,
രാമൻ ഒന്നും പറഞ്ഞിരുന്നില്ല ! .
സദാചാര സേനകൾ ഉണ്ടായിരുന്നില്ല !.
സ്ത്രീയേ തുറിച്ച് നോക്കുന്നവരോട് പ്രതികരിക്കുവാൻ
സീതക്ക് സ്വന്തമായി സേന ഉണ്ടായിരുന്നില്ല! .
വാലന്റൈൻ ദിനത്തിൽ സീത രാമനോട് പറഞ്ഞു,
ഇക്കൂട്ടത്തിൽ രാമനേക്കാൾ മികച്ച പുരുഷന്മാർ ആരും ഉണ്ടായിരുന്നില്ല !.

Thursday, February 7, 2013

ചമയം


ചമയം


ഒരു നീണ്ട കാത്തിരുപ്പിലൂടെ,

എന്റെ മോഹങ്ങൾക്കായി,

നിന്നേ ഞാന്‍  തനിച്ചാക്കുകയായിരുന്നു !

തിരി വെളിച്ചത്തിൽ രൂപവതിയായ് നീ,

വികാരതീരങ്ങളിൽ നീരാടുമായിരുന്നു…………

പിറവിയുടെ പുളകങ്ങളിൽ

മറവിയുടെ മരുപ്പച്ചയിൽ

നീ തനിച്ചാകുകയായിരുന്നു!

കണ്ണെത്താദൂരത്ത്

കണ്ണുകൾകൊണ്ട് വസ്ത്രങ്ങളൂരി ,

ഗാഢമായ് നിന്നേ ഞാൻ ചുംബിച്ചിരുന്നു.

കണ്ണാടി വസ്ത്രം ധരിച്ചു ഞാൻ -

നിൻ മാറിലേകഞ്ചുകത്തിൽ

അപ്പോൾ മയക്കത്തിലായിരുന്നു..

അസ്വസ്ഥതയുടെ കൊടും വേനലിലായിരുന്ന നീ-

എന്റെ ലോലസ്പർശത്തെ തിരിച്ചറിഞ്ഞില്ല.!


തുടിക്കുന്ന നെഞ്ചിലേ യൗവ്വനപ്പെരുമഴയിൽ

കുതിർന്ന വികാരത്തെപ്പുണർന്ന് നിന്നു,

മുടിയിഴകളിലൂടെ വാർന്നൊലിക്കുന്ന ജലകണങ്ങളെപ്പോലെ

കൈകൾ പിടിച്ചു ഞാൻ നിന്റെ പ്രാണനിൽ തൊട്ടിരുന്നു.!


മൂടിപ്പുതച്ച ശരീരത്തിലെ ചിതറുന്ന നിഷേധങ്ങൾ

തലോടലിൽ തകർത്ത് ,

ചൂടുള്ള മോഹത്തിലേക്ക് പിടഞ്ഞ് വീണു,

വിരൽ തൊട്ട് ഞാൻ സ്നേഹംപകർന്നുനിന്നു

കാറുകൾവന്ന് തിങ്കളെ മറയ്ക്കുന്നപോൽ

കാർകൂന്തൽ മറഞ്ഞ് ഞാൻ ചേർന്നിരുന്നു


മാടപ്രാവുകൾ കുറുകിചുണ്ടുകൾ ഉരുമ്മി

പാതയോരത്തണലിൽ കണ്ടുമുട്ടുമ്പോൾ

ഒരു സ്നേഹസ്പർശനത്തിന്റെ  താളവട്ടത്തിലേക്ക്

അലിഞ്ഞലിഞ്ഞ് ലയിക്കുവാൻ

തനിച്ചായി ഞാൻ ;

പ്രതീക്ഷകളിലൂടെ കണ്ണുകൾ ചിമ്മി,

ഒരുനീണ്ടകാത്തിരുപ്പിലൂടെ ………..

എന്റെ മോഹങ്ങൾക്കായി

നിന്നേ തനിച്ചാക്കുകയായിരുന്നു..!.

…………………………………………….സ്നേഹപൂർവ്വം………………………………………..
വിജൂവികർത്താ

Friday, February 1, 2013

അനുരാഗം


സുന്ദരീ നീ എൻ മൗനത്തിൻ

ഏകമാം സ്നേഹധാരയിൽ

ഉതിരും മധുവാണിയായ്

വിരിയാനിനിയും വെമ്പുന്നുവോ.

മാഘമാസരാവിൽ നിൻ  നിറമെന്നിൽ നിറയുമ്പോൾ,

വിടരുന്നൂ ചുംബനമലരുകൾ,

അലിയുന്നൂ പ്രേമപിയൂഷം,

അധരത്തിൽ സ്നിഗ്ദ്ധത ഇനിയും പകരാമോ.


കതിർകൊയ്യും പാടത്താഘോഷം ഇന്ന്-

കന്നിപ്പെണ്ണിൻ കനവുകാലം.

മോഹങ്ങളെല്ലാം കൊയ്യുന്നേരം,

മനസ്സിൽ ഒരായിരം മംഗളഘോഷം.


കാതരനയനം പീലിവിടർത്തി

യമുനാപുളിനം തിരയുമ്പോൾ,

രാവിൽ ഏകാന്തശ്വാസനിശ്വാസത്തിൽ

രതിദേവതയായണയൂ.

അന്തിമയങ്ങും ആരണ്യകത്തിൽ

ആളറിയാതെ നീ വരുമോ?

അവിരതമാമെന്നിൽ നിറയാമോ?

ആലിംഗനത്തിൽ മുഴുകാമോ?

മധുരാധരത്തിൻ നൂറുംസ്മരണകൾ

വിരിയുന്നു എന്നിൽ ലാസ്യ നടനങ്ങളായ്,

ഒരു ദ്വാപരജന്മത്തിൽ വീണ്ടും നിൻ തോഴനായ്

അനുരാഗത്തിൽ അലിയാൻ,

അഭൗമമീ അനുരാഗവേളയിൽ എഴുതുകയായ്, 

പുല്ലാങ്കുഴലാൽ രാഗം , അനുരാഗം.http://www.cyberjalakam.com/aggr/http://malayalam.blogkut.com/