ബയോളജിക്കൽ ക്ളോക്ക്
മനസ്സിനും ശരീരത്തിനും ഇടയിലൂടെ
വിരൽതൊട്ട് സമയമെപ്പോഴും ചലിക്കുന്നുണ്ട്
മനസ്സിന്റെ ഘടികാരത്തിൽ പലപ്പോഴും
നിമിഷങ്ങളുടെ കാലുകൾ ദൃശ്യമാകാറില്ല
വികാരനിമ്നോന്നതങ്ങളിൽ സമയം
സമശീതോഷ്ണമായ ഊഷ്മാവ് രേഖപ്പെടുത്തുന്നു
മനസ്സിന്റെ ക്ളോക്കിൽ ശൂന്യതയുടെ സമയത്തിൽ
ജീവരൂപങ്ങൾക്ക് അർദ്ധനാരീശ്വരഭാവം
കണ്ണുകൾതറച്ച് ശരീരത്തിലൂടെ സൂചികൾ തൊട്ടുരുമ്മുമ്പോൾ
സമയബോധമില്ലാതെ ശരീരം വിയർക്കുന്നു
സമയത്തിന്റെ കൈകളിലേൽപ്പിച്ച സ്വപ്നങ്ങളൊക്കെയും
സമയം അറിയുന്നവർ കാണുന്നുണ്ടായിരിക്കും
ചലനമറ്റ ശരീരമാണ് സമയമാപിനികൾ
നിർജ്ജീവമായ മനസ്സാണ് ഓടിത്തളരുന്നത്
ശരീരം ഘടികാരമായി പ്രദർശിക്കപ്പെടുമ്പോൾ
സൗന്ദര്യാത്മകമായി വകതിരിവില്ലാത്ത സമയബോധം
ഘടികാരം വിലക്ക് വാങ്ങാനില്ലാത്തവർ പലപ്പോഴും
ബയോളജിക്കൽ ക്ളോക്കിലൂടെ ലോകത്തെ കാണുന്നു
മറ്റുള്ളവർക്ക് ദൃശ്യമാകുന്നതരത്തിലും രൂപത്തിലുമാകണം
പറയുവാനാകാത്ത സമയം പ്രകടമാക്കേണ്ടത്
ബയോസെല്ലുകൾ മരണപ്പെടുംവരെ
ബയോളജിക്കൽ ക്ളോക്കിൽ മണികൾ മുഴങ്ങും
ശരീരവും മനസ്സും തളരാത്തകാലം വരെയും
ജീവന്റെ ഘടികാരത്തിൽ സമയം കുറിച്ചിട്ടുണ്ടായിരിക്കും
----------------വിജുവികർത്താ------------