Tuesday, March 5, 2013

കശാപ്പ്

കശാപ്പ്
കൊടുംചൂടിൽ ഉണങ്ങിക്കരിഞ്ഞ-
ഒരാൽമരത്തിൻ‌കീഴിൽ ഒരുപാട് പക്ഷികൾ,
പാഥേയം പങ്കുവച്ച് യാത്രപോകേണ്ടവർ-
ഇലപൊഴിഞ്ഞമരത്തിനെ ശകാരിക്കുന്നു,

മരംകൊത്തികൾ കൂർത്ത കൊക്കുകൾകൊണ്ട്-
മജ്ജയിൽനിന്ന് പുഴുക്കളെക്കൊന്നുതിന്നുന്നു,
മണ്ണിൽ വീണുറങ്ങുന്ന ജീവന്റെ പുതിയ നാമ്പുകൾ-
ചെറുകിളികളെനോക്കിപ്പറഞ്ഞു;
എന്നേവിട്ടെങ്ങോട്ടും പോകരുത്.

മരപ്പൊത്തിലിപ്പോഴുമൊരു പഞ്ചനാഗം പാർക്കുന്നു,
ചിലർ അടർന്നുവീഴുന്ന ചില്ലകൾ പെറുക്കിക്കൂട്ടുന്നു,
കൈകൾ വെട്ടിമാറ്റുവാൻ ചിലർ ആയുധം മൂർച്ചകൂട്ടുന്നു,
പ്രാണൻ പോകുവാൻന്നേരം വേരുകൾ-

മണ്ണിനടിയിലേക്ക് ഓടിപ്പോകുന്നു,

ഒരുതുള്ളിവെള്ളമുള്ള വൈതരണീനദിതേടി-
ഞരിപിരികൊണ്ട് ഗതകാലസ്മരണകൾ,
ഇവിടെ തപംചെയ്ത് മോക്ഷം ലഭിച്ചൊരു താപസൻ-
അപ്പുറത്ത് വലിയൊരു മണിമന്ദിരത്തിൽ ദർശനം നൽകുന്നു,

അറവുമാടുകളെ ചുറ്റിലുമുള്ള വേരിലേക്ക്-
മുഖംചെർത്ത് വരിഞ്ഞ് കെട്ടിയിരിക്കുന്നു,
വെള്ളത്തൊട്ടിമറിഞ്ഞ്  തെളിനീർ പടരുന്നു,
ലഹരിമൂത്ത്കുറേപേർ അരുംകൊലക്ക് തയ്യാറാകുന്നു,
ഇറച്ചിയാകുമ്പോൾ എല്ലില്ലാത്തതിനായി പലരും അടുത്തുതന്നെ,
ആർത്തനാദത്തോടെ ജീവൻപൊലിഞ്ഞപ്പോൾ,
ഒരിറ്റു തണലുനൽകാനാകാതെ ഒരുപാഴ്മരം,
വെട്ടിമുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ
വാഹനത്തിലേക്ക് ഒരുതെമ്മാടി വലിച്ചെറിയുന്നു,
ഭയന്ന് വിറച്ച് ജീവനുള്ളവ നോക്കിനിൽക്കുന്നു,

ഹനിക്കുന്നവർ മുറിവേൽക്കുന്നതുവരെ-
വേർപാടിന്റെ വേദന അറിയുന്നില്ല,
സ്വയം മരണം മാന്യതയല്ലാത്തതിനാൽ
കൊലപാതകങ്ങൾകണ്ടിട്ടും മിണ്ടാതെ.
നന്മയുടെ പച്ചിലകൾനിറഞ്ഞമധുരസ്മരണകൾ
മനസ്സാകെനിറഞ്ഞുനിൽക്കുന്നു,
കായ്കളില്ലാത്തമരത്തിൽ പക്ഷികൾചേക്കേറാറില്ല,
കടുത്തവേനലിലുറവകാണാറില്ല,

ശിരസ്സറുത്തുമാറ്റിയ കൊള്ളരുതായ്മകളുടെ കോലങ്ങൾ,
പൊരുളറിയാത്തനേരിന്റെ നൊമ്പരങ്ങൾ,
ഒരാൾ കുളക്കരയിൽനിന്ന് ഉച്ചത്തിൽ കൈകൾകൊട്ടുന്നു,
ബലിക്കാക്കകൾ ഇലയിൽ നിരത്തിയ ചോറ് കൊത്തുന്നു,
ഒരിറ്റ് വെള്ളംസ്പർശിച്ചപ്പോൾ ആത്മാക്കൾ ആർത്തിരമ്പുന്നു.

                            

ഒന്നുമറിയാത്ത ഒരുബാലൻ ചുവട്ടിൽ
മണ്ണുവാരിക്കളിക്കുന്നു
സ്മശാനഭൂമിയിൽനിന്ന് അവർക്കായിമാത്രം-
ഇലകൾതളിർത്ത്പടർന്നുനിൽക്കുവാൻ ആഗ്രഹം,
ആത്മാവിലേക്ക് പകലിന്റെ അവസാന പ്രകാശകിരണങ്ങൾ,
ചുവന്നസായാഹ്നത്തിന്റെആവേശത്തിരതല്ലൽ-
നിലക്കാത്തഓളങ്ങളുള്ള ആഴക്കടലിലേക്ക്.

No comments:

Post a Comment