നിമിഷം
എന്റെ സ്വന്തമല്ലാത്ത നിമിഷങ്ങളിലൂടെ ,
ഏറെനേരം ഞാൻ സഞ്ചരിച്ചു.
തനിച്ചായിരുന്നതുകൊണ്ടാവാം,
അവളും കൂടെ ഉണ്ടായിരുന്നു,
എങ്ങോപോകേണ്ട ഇരുവരും ഒന്നും പറഞ്ഞില്ല,
പാതിവഴിയേ പിരിയുവാനും കഴിഞ്ഞില്ല.
ഒറ്റപ്പെടൽ ഭയാനകമായേക്കാമെന്ന് എനിക്ക് അറിയാം
സൌഹൃദം സമർപ്പണമായേക്കാം എന്ന് അവൾക്കും.
ഏറെനേരം പിന്നിലും ചിലനേരങ്ങളിൽ ഒരുമിച്ചും
ചിന്തകളുടെ സമാന്തരമായി ഞങ്ങൾ നടന്നു.
മുടിയിഴകൾ പാറിയ മുഖവും,വിടർന്നകണ്ണുകളും,
എന്റെ നഖങ്ങൾകൊണ്ട് പോറലേൽക്കുന്നതായി അവൾ അറിഞ്ഞു.
ഭയപ്പാടിന്റെ വറുതിയിൽ അനുവാദംകേൾക്കാതെ,
തോൾചേർന്ന് ഇരുട്ടിലൂടേ സഞ്ചരിച്ചു.
കൈകൾകൊരുത്തുറ്റുനോക്കി അവളെന്നെ വിളിച്ചു,
ചുവന്നകണ്ണുകളിലെ ചലനങ്ങൾ അവളെ പ്രകോപിപ്പിച്ചു
നിർലജ്ജമായികൊടുംതണുപ്പിൽ-
സൌഹൃദങ്ങൾ
കോരിത്തരിച്ചു
ചെറുകാറ്റിൽ ഇലകൾ പൊഴിയുന്നു,
ശരീരത്തിലൂടെ കാത്തിരിപ്പ് പിടയ്ക്കുന്നു.
നിശ്ശബ്ദതയുടെ നിലാവെളിച്ചമേറ്റ്,
സർപ്പക്കാവുകളിൽ വിളക്കുകൾ പൊലിഞ്ഞു.
മിന്നൽവെളിച്ചത്തിലൂടെ വൈകല്ല്യത്തിന്റെ-
സർപ്പരൂപമുള്ളനിഴലുകൾ ആടി.
നിത്യഹരിതമായ അനുഭൂതിയുടെ താഴ്വാരത്തിലൂടെ,
ഒരുമിഷംവന്നുസ്പർശിച്ചുപോയി.
കോരിത്തരിപ്പിന്റെ മൂർദ്ധന്യത്തിൽ ശൂന്യതയിലേക്ക്-
സ്വകാര്യതയുടെ സങ്കോചങ്ങൾ ചേക്കേറിയിരുന്നു.
രാത്രിമഴകനക്കുംമുന്നേ ആശങ്കയുടെ കൊടുങ്കാറ്റുവീശി,
ഒരുനിമിഷത്തിനെ ഓർമ്മകളിലൂടെ-
അവളെന്നെത്തിരഞ്ഞ് കൈകൾനീട്ടി,
ചിറകടിഒച്ചകേട്ട് യാത്രതീരുംവരെ ഞാനും.
പകരമില്ലാത്ത പരിചയങ്ങൾക്ക്
പറയാനുള്ളത് ഒരു നിമിഷം മാത്രം.